പാര്‍ശ്വ ഫലങ്ങള്‍

ഓക്കാനവും ചര്‍ദ്ദിയും ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയുടെ ഒരു പാര്‍ശ്വഫലമാണ്. ചില തരത്തിലുള്ള കീമോതെറാപ്പിയും, റേഡിയേഷന്‍ തെറാപ്പിയും ഓക്കാനവും ചര്‍ദ്ദിയും ഉണ്ടാക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണമായും ഓക്കാനവും ചര്‍ദ്ദിയും ഉണ്ടാകുന്നു. ആധുനിക ക്യാന്‍സര്‍ ചികിത്സയില്‍ ഇന്ന് ഓക്കാനവും ചര്‍ദ്ദിയും മാറ്റുവാനും അതിന്റെ തീവ്രത കുറക്കുവാനും കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്. ഇങ്ങനെയുള്ള മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഓക്കാനവും ചര്‍ദ്ദിയും ഉണ്ടാകുന്നത് തടയുവാന്‍ വളരെയധികം കഴിയുന്നതാണ്.

ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് വളരെയധികം കാണുന്ന ഒരു പാര്‍ശ്വഫലമാണ് വയറിളക്കം. ക്യാന്‍സര്‍ കീമോതെറാപ്പി കുടലിലെ കോശങ്ങളെ നശിപ്പിക്കുന്നതിലൂടെയാണ് പ്രധാനമായും വയറിളക്കം ഉണ്ടാകുന്നത്. എന്നാല്‍ ചിലപ്പോള്‍, അണുബാധയിലൂടെ വയറിളക്കം ഉണ്ടാകാറുണ്ട്. ഇത് തടയുവാന്‍ മരുന്നുകളുണ്ടെങ്കിലും, ഒരു ഡോക്ടറുടെ ഉപദേശമില്ലാതെ അത് ഉപയോഗിക്കരുത്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതെയിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുവാന്‍ ഓര്‍ക്കുക.

ക്യാന്‍സറിന്റെ രോഗ ലക്ഷണമായും, ചികിത്സയുടെ ഫലമായും ഉണ്ടാകുന്ന ഒരു പ്രയാസമാണ് മലബന്ധം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാരണവും മലബന്ധം ഉണ്ടാകാം. ഇങ്ങനെയുള്ള അവസ്ഥയിലും ധാരാളം വെള്ളം കുടിക്കുവാന്‍ ഓര്‍ക്കുക. മലബന്ധം മാറ്റുവാന്‍ ധാരാളം ഫൈബര്‍ ഉള്ള ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. മലബന്ധത്തിനു ശമനം ലഭിക്കുവാന്‍ ചില പ്രത്യേക മരുന്നുകള്‍ ലഭ്യമാണ് എന്ന് അറിയുക.

ക്യാന്‍സര്‍ രോഗത്തിന്റെ ഒരു പാര്‍ശ്വഫലമാണ് തളര്‍ച്ചയും ഭാരനഷ്ടവും. പലപ്പോഴും ഇതിനു പ്രത്യേക ചികിത്സയൊന്നുമില്ലെങ്കിലും, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തളര്‍ച്ച കുറയ്ക്കുവാന്‍ കഴിയും. ശരീരത്തില്‍ ഹെമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷനിലൂടെ അത് പരിഹരിക്കുവാന്‍ കഴിയും. പതിവായ ശാരീരിക വ്യായാമങ്ങള്‍ തളര്‍ച്ച മാറ്റുവാന്‍ നല്ലതാന്നെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ ചില ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ നമുക്ക് തളര്‍ച്ചയും ഭാരനഷ്ടവും അനുഭവപ്പെടും. ക്യാന്‍സര്‍ ചികിത്സിക്കുമ്പോള്‍ പൊതുവേ തളര്‍ച്ചയും ഭാരനഷ്ടവും മാറുന്ന അവസ്ഥ പലപ്പോഴും നാം കാണുന്നത് ഇങ്ങനെയുള്ള കോശങ്ങളെ നശിപ്പിക്കുന്നതിലൂടെയാണ്.

ക്യാന്‍സര്‍ ചികിത്സയുമായി ഏറ്റവും അധികം ബന്ധിപ്പിക്കുന്ന ഒരു കാര്യമാണ് മുടി കൊഴിച്ചില്‍. എന്നാല്‍ എല്ലാ കീമോതെറാപ്പിയും ഇങ്ങനെയുള്ള പാര്‍ശ്വഫലം ഉണ്ടാക്കുന്നില്ല. ഓരോ രോഗത്തിനും അതിന്റേതായ കീമോതെറാപ്പിയുണ്ട്. അതിനാല്‍ എല്ലാ സാഹചര്യത്തിലും മുടി കൊഴിച്ചില്‍ ഉണ്ടാക്കാത്ത കീമോതെറാപ്പി ഉപയോഗിക്കുവാന്‍ കഴിയുകയില്ല. ഇന്ന് ലഭ്യമായ വിഗ്ഗുകള്‍ വളരെ മേന്മയേറിയതാകയാല്‍ അത് ഉപയോഗിച്ച് ക്യാന്‍സര്‍ കീമോതെറാപ്പിയും ചികിത്സയും മുന്നോട്ടു കൊണ്ട് പോകുവാന്‍ മിക്ക രോഗികളും സന്നദ്ധരാണ്.

ക്യാന്‍സര്‍ ചികിത്സയുടെ സാധാരണയായി കാണുന്ന മറ്റൊരു പാര്‍ശ്വഫലമാണ് ത്വക്ക് രോഗങ്ങള്‍. അതിന്‍റെ ചികിത്സയും പലപ്പോഴും സാധ്യമാണ്. ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

ക്യാന്‍സര്‍ രോഗത്തിന്റെ പാര്‍ശ്വഫലങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ അവസ്ഥ വേദനയാണ്. പലതരത്തിലുള്ള വേദന ക്യാന്‍സര്‍ രോഗികളില്‍ കാണുന്നു. ഭൂരിഭാഗവും ക്യാന്‍സര്‍ രോഗം മൂലം ഉണ്ടാകുന്നു. എന്നാല്‍ ചിലപ്പോള്‍ ക്യാന്‍സര്‍ ചികിത്സയും വേദനയുണ്ടാക്കുന്നു. വേദന സംഹാരികള്‍ പല തരത്തിലുണ്ട്. സാന്ത്വനചികില്‍സയുടെ പ്രധാന ഘടകങ്ങളില്‍ ഒന്ന് വേദനയുടെ ചികിത്സയാണ്. ഇന്ന് ക്യാന്‍സര്‍ മുഖാന്തിരം ഉള്ള വേദന ചികില്‍സ്കിക്കുവാന്‍ പല തരത്തിലുള്ള മരുന്നുകള്‍ ഉണ്ട്. അതിനാല്‍, ഒരു ഡോക്ടറെ കണ്ടു വേദനക്കു ചികിത്സ സ്വീകരിക്കാവുന്നതാണ്‌.

ക്യാന്‍സര്‍ ചികിത്സ ശരീരത്തില്‍ പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് അനാഫിലാക്സിസ്. അല്ലെര്‍ജിയുടെ ഏറ്റവും ഗുരുതരമായ സ്ഥിതിക്കാണ്‌ അനാഫിലാക്സിസ് എന്ന് വിശേഷിപ്പിക്കുനത്. ഇങ്ങനെയുള്ള പാര്‍ശ്വഫലം ആര്‍ക്കു സംഭവിക്കും എന്ന് പ്രവചിക്കുവാന്‍ സാധ്യമല്ല. എന്നാല്‍ ഭാഗ്യവശാല്‍, അനാഫിലാക്സിസ് ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ ഉണ്ടായാല്‍, ചിലപ്പോള്‍, മരണം വരെ സംഭവിക്കാം. അതിന്റെ ചികിത്സയുടെ ഭാഗമായി പലപ്പോഴും ഐ സി യുവില്‍ കിടത്തിയുള്ള ചികിത്സ ആവശ്യമാകുന്നു.